തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകൾ ഒത്തുതീർപ്പാക്കുന്നതായി റിപ്പോർട്ട്. സർക്കാർ അഭിഭാഷകർ ഇടനിലക്കാരായി നിന്നാണ് ഈ കേസുകൾ ഒത്തുതീർപ്പാക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേശ് സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരകൾ മൊഴിമാറ്റുന്നതിന്റെ അടിസ്ഥാനത്തിലാണ് പലകേസുകളിലും പ്രതികളെ കോടതി വെറുതെ വിടുന്നത്. ഇരകൾക്ക് വേണ്ടി സർക്കാർ അഭിഭാഷകർ ഇടപെടുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്ന്, ഗൗരവമുള്ള കേസുകൾ ഡിഐജിമാരും ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കണമെന്ന് പോലീസ് മേധാവി നിർദ്ദേശിച്ചു.
54 അതിവേഗ കോടതികളാണ് സംസ്ഥാനത്തുള്ളത്. ജില്ലാടിസ്ഥാനത്തിൽ പ്രത്യേക കോടതികളുമുണ്ട്. 2010ൽ അതിവേഗ കോടതികളിൽ തീർപ്പാക്കാനുണ്ടായിരുന്നത് 3 കേസുകൾ മാത്രമായിരുന്നു. വർഷാടിസ്ഥാനത്തിൽ കേസുകൾ തീർപ്പാക്കാൻ കഴിയാതെ വന്നതോടെ 2023 ജൂലൈ 31 വരെ 8506 കേസുകളാണ് പ്രത്യേക കോടതികളിൽ തീർപ്പാക്കാനുള്ളത്. ഏകദേശം 7000-തിൽ അധികം കേസുകൾ അതിവേഗ കോടതികളിലും തീർപ്പാക്കാനുണ്ട്. സർക്കാർ അഭിഭാഷകർക്ക് പോക്സോ കേസുകളിലുള്ള പങ്ക് എന്താണെന്ന് പരിശോധിക്കണമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്സോ കേസുകളിൽ ക്രമക്കേടുകൾ നടക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഭയവും അപമാനവും കാരണമാണ് ഇരകളുടെ മാതാപിതാക്കളിൽ പലരും ഒത്തുതീർപ്പിന് തയ്യാറാകുന്നത്. അപമാനിതരാകേണ്ടി വരുമോ എന്ന കാരണത്താൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാതെ പോകുന്ന പോക്സോ കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു. പ്രതിയും ഇരയും പരസ്പരം ഒത്തുതീർപ്പിൽ എത്താമെങ്കിലും പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിന് കൂട്ടുനിൽക്കരുതെന്നും പോലീസ് മേധാവി നിർദ്ദേശിച്ചു.