
തൃശൂർ: നാട്ടിക അപകടം നിർണായക വെളിപ്പെടുത്തലുമായി അപകടത്തിൽ പരിക്കേറ്റയാൾ. ബോധപൂർവ്വം പിന്നോട്ടെടുത്ത് രണ്ടുപേരുടെ ദേഹത്തുകൂടി കയറ്റിയിറക്കി എന്ന് പരിക്കേറ്റയാൾ പറയുന്നു. പരിക്കേറ്റ രമേശ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. ലോറി തന്റെ മകന്റെറെയും ഭാര്യയുടെയും ശരീരത്തിലൂടെ കയറ്റിയിറക്കി. ലോറി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ബോധപൂർവം രണ്ടു പ്രാവശ്യം പുറകോട്ട് എടുത്തുവെന്ന്
പരിക്കേറ്റ രമേശ് പറഞ്ഞു.
ലോറി ബോധപൂർവം പുറകോട്ട് എടുക്കാതിരുന്നായിരുന്നെങ്കിൽ രണ്ടു ജീവനുകൾ നഷ്ടമാകില്ലായിരുന്നുവെന്ന് രമേശ് പറഞ്ഞു. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അപകടം. ഒരു വയസുള്ള വിശ്വ, നാലുവയസുള്ള ജീവൻ എന്നീ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരുടെ ജീവനാണ് പൊലിഞ്ഞത്. രണ്ട് പേരുടെ നില ഗുരുതരമാണ്.
അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. നാട്ടിക അപകടം ദൗർഭാഗ്യകരമായ സംഭവമാണ്. ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും. തുടർന്ന് രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
