ബംഗളുരു : ദീപാവലി ദിനത്തിൽ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളുമായി നിറഞ്ഞാടിയ ബാറ്റർമാരുടെ കരുത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തിൽ 410 റൺസ് നേടി. ശ്രേയസ് അയ്യർ (128 നോട്ടൗട്ട്), കെ.എൽ. രാഹുൽ(102), രോഹിത് ശർമ്മ (61), ശുഭ്മാൻ ഗിൽ (51), വിരാട് കൊഹ്ലി (51) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഗിൽ – രോഹിത് ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. 12ാം ഓവറിൽ പോൾ വാൻ മീകെരന്റെ പന്തിൽ ഗിൽ പുറത്തായെങ്കിലും തുടർന്നെത്തിയ കോഹ്ലി രോഹിതിന് പിന്തുണ നൽകി. എന്നാൽ അനാവശ്യ ഷോട്ടിന് മുതിർന്ന് രോഹിത് ബാസ് ഡി ലീഡെയുടെ പന്തിൽ പുറത്തായി. നാലാം വിക്കറ്റിൽ കൊഹ്ലി – ശ്രേയസ് സഖ്യം 71 റൺസ് കൂട്ടിച്ചേർത്തു. വാൻ ഡർ മെർവെ കൊഹ്ലിയെ ക്ലീൻ ബൗൾഡാക്കി ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടർന്നാണ് ശ്രേയസ് – രാഹുൽ സഖ്യത്തിന്റെ മിന്നും പ്രകടനം. ലോകകപ്പിൽ ശ്രേയസിന്റെ ആദ്യ സെഞ്ച്വറിയാണിത്. ശ്രേയസ് 94 പന്തിൽ 10 ഫോറിന്റെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 128 റൺസ് നേടിയപ്പോൾ രാഹുൽ 65 പന്തിൽ 11 ഫോറും നാലു സിക്സുമടക്കം 102 റൺസെടുത്തു. ഇരുവരും ചേർന്ന് 208 റൺസ് നേടി. രാഹുലിന് ശേഷമെത്തിയ സൂര്യകുമാർ യാദവ് (2) പുറത്താകാതെ നിന്നു.
നെതര്‍ലന്‍ഡ്സിനായി ബാസ് ഡി ലീഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വാന്‍ ഡെര്‍ മെര്‍വ്, വാന്‍ മീകെറെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.