ഇന്നത്തെ സാഹചര്യത്തിൽ ഇപ്പോൾ വിദ്യാർത്ഥികളിൽ ആരും തന്നെ ഉപയോഗിക്കുകയോ, എല്ലാ കുട്ടികൾക്കും തന്നെ ബാധകമോ അല്ലാത്തതും സ്കൂൾ ഭരണ സമിതി ട്രാൻസ്പോർട് കമ്പനി ക്ക് പൈസ അടക്കുകയോ വേണ്ടാത്തതുമായ ട്രാൻസ്പോർട് ഫീസ് ഒഴിവാക്കി എന്ന് മേനി പറയുന്നത് ഒരു തരത്തിൽ രക്ഷിതാക്കളെയും പൊതു സമൂഹത്തെയും മറ്റു അധികൃതകരേയും കബളിപ്പിക്കുന്നതിന് തുല്യമാണ് .
ലോകം മുഴുവനുമുള്ള രാജ്യങ്ങളും പ്രസ്ഥാനങ്ങളും ചെറുകിട സ്ഥാപനങ്ങൾ പോലും എല്ലാ വിധ ഫീസുകൾക്കും ഇളവുകൾ നൽകിയിട്ടുള്ള ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഉപയോഗിക്കപ്പെടാത്ത എയർകണ്ടീഷന്റെയും, ലബോറട്ടറിയുടെയും, ലൈബ്രറിയുടെയും സ്പോർട്സിന്റെയും പേരിൽ പോലും മാസങ്ങളായി ജോലിയില്ലാതെയും വേതനം ലഭിക്കാതെയും എല്ലാം പ്രയാസം അനുഭവിക്കുന്ന പാവപ്പെട്ട രക്ഷിതാക്കളെ അമിതമായ ഫീസ് അടക്കാൻ നിർബന്ധിക്കുന്ന രീതി തികച്ചും മനുഷ്യത്വ രഹിതമാണെന്നും ഈ നടപടി ഇന്ത്യൻ സ്കൂൾ അധികൃതർ ഉടനടി ഉപേക്ഷിക്കണമെന്ന് യു. പി. പി ഇതോടെ വീണ്ടും ശക്തമായി ആവശ്യപ്പെടുകയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിലും രാഷ്ട്രീയ മുതലെടുപ്പിനു മാത്രമാണ് ഭരണസമിതി സമയം കാണുന്നതും തന്ത്രങ്ങൾ മെനയുന്നതും . എല്ലാ രക്ഷിതാക്കൾക്കും ഒരു പോലെ ലഭിക്കേണ്ട ആനുകൂല്യങ്ങൾ രാഷ്ട്രീയപ്രേരിതമായി ചില രക്ഷിതാക്കൾക്ക് മാത്രമാണ് കൊടുക്കുന്നത്.
അധ്യയന വർഷാരംഭത്തിൽ ഈടാക്കാറുള്ള വാർഷിക ഫീസുകൾ പോലും പാവം രക്ഷിതാക്കളിൽ നിന്നും ഈദുരന്ത കാലത്ത് പിരിച്ചെടുക്കുന്നതിലൂടെ ഈ ഭരണ സമിതിക്ക് രക്ഷിതാക്കളോടോ, പൊതുസമൂഹത്തോടോ ഒരു പ്രതിബദ്ധതയും ഇല്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ബോധ്യപ്പെടും. ഇങ്ങിനെ ഈ ദുരിത കാലത്തും ഉപയോഗം ചെയ്യാത്ത കാര്യങ്ങൾക്കുള്ള ഫീസിന് വേണ്ടി പാവം രക്ഷിതാക്കളെ പീഡിപ്പിക്കുന്നതിലൂടെ തങ്ങളുടേത് ഏറ്റവും കഴിവ് കെട്ട ഭരണസമിതിയാണെന്ന് അധികൃതർ സ്വയം തെളിയിക്കുകയാണ്. മുമ്പ് പൊതു ജനങ്ങളിൽ നിന്നും സമാഹരിച്ച ഏതെങ്കിലും ഫണ്ട് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഉപയോഗപ്പെടുത്തി ഈ പ്രതിസന്ധി മറികടക്കുകയാണ് കഴിവും പ്രാപ്തിയുമുള്ള ഒരു ഭരണ സമിതി ചെയ്യേണ്ടത്.
സ്കൂൾ കെട്ടിടത്തിന് വാടകയോ, ലോൺ തിരിച്ചടവോ, ഇലക്ട്രിസിറ്റി ബിൽ അടക്കേണ്ടുന്നതോ,സ്വദേശികൾക്കു വേതനം കൊടുക്കുന്നതടക്കമുള്ള നിർബന്ധമുള്ള കാര്യങ്ങളിൽ ഈ മഹത്തായ ഈ രാജ്യത്തെ നല്ലവരായ ഭരണാധികാരികൾ പല ഇളവുകളും നൽകിയിട്ടുള്ള ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മൂന്ന് മാസത്തിലേറെയായി കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാത്ത പാവപ്പെട്ട രക്ഷിതാക്കളിൽ നിന്നും സ്കൂളിലെ അധ്യാപകർക്കും മറ്റു സ്റ്റാഫുകൾക്കും ശമ്പളം നൽകാനുള്ള ട്യൂഷൻ ഫീസ് ഒഴികെ ബാക്കിയിനത്തിൽ ഈടാക്കുന്ന മുഴുവൻ അധിക ഫീസിനങ്ങളും വെട്ടിചുരുക്കണമെന്നും ആരിൽ നിന്നെങ്കിലും അതൊക്കെ ഇതിനകം ഈടാക്കിയിട്ടുണ്ടെങ്കിൽ അവർക്ക് അത് തിരിച്ചു നൽകേണ്ട ധാർമിക ബാധ്യത ഏറ്റെടുത്ത് തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയെന്ന പേരിൽ ഇന്ത്യൻ സ്കൂൾ ഭരണ സമിതി അത് ചെയ്യണമെന്നും പ്രത്യേകം ഓർമപ്പെടുത്തുകയാണെന്നും യു. പി. പി പത്രക്കുറിപ്പിലൂടെ അറിയിച്ചു.