മനാമ: സ്വതന്ത്രപരമാധികാര ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്തിഒന്നാം വാർഷിക ആഘോഷം ബഹറിലെ വിവിധയിടങ്ങളിൽ നടന്നു. ഇന്ത്യൻ എംബസിയുടെ സീഫിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ പതാക ഉയർത്തി. തുടർന്ന് പ്രസിഡന്റിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം വായിച്ചു.
എംബസി ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു. കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് സന്തോഷ് കുമാർ പതാക ഉയർത്തി.ജനറൽ സെക്രട്ടറി സതീഷ് നായർ, മറ്റു മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് പതാക ഉയർത്തി.ജനറൽ സെക്രട്ടറി ജോബ് ജോസഫ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാവിഭാഗം, മറ്റു മെമ്പേഴ്സ് എന്നിവരും പങ്കെടുത്തു. ഇന്ത്യൻ സ്കൂളിലെ ചടങ്ങുകൾ പരേഡുകളോടെ ആരംഭിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ജനറൽ സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പാൾ പളനി സ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പാൾ പമേല സേവ്യർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ, രാജേഷ് നമ്പ്യാർ, ജൈഫർ മൈദാനി, ദേവസി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.വിവിധ കലാപരിപാടികളും അരങ്ങേറി.