ലോകരാജ്യങ്ങളില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി ലോക നേതാക്കള്‍. കൈകൂപ്പി നമസ്തേ പറഞ്ഞാണ് പരസ്പരം അഭിവാദ്യം ചെയ്യുന്നത്. ഹസ്തദാനം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന വിവരങ്ങളെ തുടര്‍ന്നാണ് ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ നമസ്തെയ്ക്ക് ലോക നേതാക്കള്‍ക്കിടയില്‍ പ്രചാരം കൈവന്നത്.
ബ്രിട്ടണിലെ രാജകുമാരന് അതിഥികളെ കൈ കൂപ്പി സ്വീകരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ലണ്ടണിലെ പലേഡിയത്തില്‍ നടന്ന പ്രിന്‍സെസ് ട്രസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടി നടക്കുന്ന വേദിക്കരികിലേക്ക് ചാള്‍സ് രാജകുമാരന് കാറില്‍ വന്നിറങ്ങി. സ്വീകരിക്കാനെത്തിയ വ്യക്തിക്ക് അദ്ദേഹം ഹസ്തദാനം നല്‍കാനൊരുങ്ങി. പെട്ടന്ന് ഓര്‍മ്മ വന്നത് പോലെ കൈകള്‍ കൂപ്പുന്നതും ഓരോ ആളിന്റെയും മുന്നിലെത്തി നമസ്തെ രീതിയില്‍ അഭിവാദ്യം ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
കോവിഡിനെതിരെയുള്ള പ്രതിരോധമെന്ന നിലയില്‍ ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെ പോലെ നമസ്തെ ഉപയോഗിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോഴും ഇരുവരും നമസ്തെ രീതിയിലായിരുന്നു അഭിവാദ്യം ചെയ്തത്.