ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാനു വേണ്ടി തെരഞ്ഞെടുത്ത വ്യോമസേന പൈലറ്റുകൾ കൊടും തണുപ്പിനെ അതിജീവിക്കാനുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കി. റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനട്ട് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന ഒരു വർഷത്തെ പരിശീലനത്തിന്റെ ഭാഗമായാണ് ഈ പരിശീലനം പൈലറ്റുകൾ വിജയകരമായി പൂർത്തിയാക്കിയത്.
ഫെബ്രുവരി 12 മുതൽ മാർച്ച് 6 വരെയായിരുന്നു പരിശീലനം. രണ്ടു ദിവസത്തെ പ്രായോഗിക പരിശീലനവും നടത്തിയിരുന്നു. ഇതെല്ലാം വിജയകരമായി ഇവർ പൂർത്തിയാക്കിയെന്നും നിശ്ചയദാർഢ്യവും കഴിവുമുള്ള വൈമാനികരാണിവരെന്നും ട്രെയിനിംഗ് സെന്റർ വ്യക്തമാക്കി. വളരെ ക്ലേശകരമായ പരീക്ഷണമായിരുന്നു നേരിട്ടത്. കാലാവസ്ഥയും ഒട്ടും സഹായകരമായിരുന്നില്ല. എന്നിട്ടും വിജയകരമായി പരിശീലനം പൂർത്തിയാക്കാൻ വൈമാനികർക്ക് കഴിഞ്ഞെന്നും സെന്റർ നിരീക്ഷിച്ചു.
സുരക്ഷിതമായ സ്ഥലത്ത് ക്യാമ്പ് സംഘടിപ്പിക്കുക , വിവിധ തരത്തിലുള്ള ഷെൽട്ടറുകൾ നിർമ്മിക്കുക, നിർദ്ദേശങ്ങളും റേഡിയോ സന്ദേശങ്ങളും കൈമാറുക , പരിക്കേറ്റവരെ പരിചരിക്കുക തുടങ്ങിയവയായിരുന്നു പരിശീലനത്തിന്റെ ഭാമഗായുണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് അടിസ്ഥാന പരിശീലനം ആരംഭിച്ചത്.