മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഈ വർഷത്തെ ആദ്യ ഓപണ്‍ ഹൗസ് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിലാണ് ഓപ്പൺ ഹൗസ് നടന്നത്. എംബസിയുടെ കോണ്‍സുലാര്‍ സംഘവും അഭിഭാഷക സമിതിയും പരിപാടിയിൽ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 60ലധികം ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു.
ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എംബസി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിൽ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളുടെ വൻതോതിലുള്ള പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. എംബസി സംഘടിപ്പിച്ച ‘ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിലും’ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി. കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി അംബാഡർ അറിയിച്ചു.
പ്രവാസിസമൂഹത്തെ പരിപാലിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാറിന്റെയും ഭരണാധികാരികളുടെയും തുടര്‍ച്ചയായ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും. ഓപണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്യൂണിറ്റി അംഗങ്ങള്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.