മനാമ: ഇന്ത്യൻ ക്ലബ് ഓണാഘോഷം ഓണം ഫെസ്റ്റ്’23 വിപുലമായ ഓണസദ്യയോടെ സമാപിച്ചു. അംഗങ്ങൾ, അതിഥികൾ, സ്പോൺസർമാർ, നൂറിലധികം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ എന്നിവരുൾപ്പെടെ 2000-ലധികം പേർ ഓണസദ്യ ആസ്വദിക്കാൻ എത്തി. ജയൻ സുകുമാര പിള്ളയാണ് 29 ഇനങ്ങളുടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഓണസദ്യയുടെ ഉദ്ഘാടനം നിർവഹിച്ചു. മലേഷ്യൻ അംബാസഡർ ഷാസ്രിൽ സാഹിറാൻ, നേപ്പാൾ അംബാസഡർ തീർഥ രാജ് വാഗ്ലെ, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി – ചെയർമാൻ അബ്ദുൾറഹ്മാൻ മുഹമ്മദ് ജുമ, ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലോറി, ഇന്ത്യൻ ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഓണപ്പുടവ മത്സരം, പായസമേള, നാട്യോൽസവം 2023, നാടൻപാട്ട്, തിരുവാതിര മത്സരം, നാടൻ സംഗീത ഫ്യൂഷൻ ബാൻഡ് ആരവം ബഹ്റൈൻ, പൂക്കളം മത്സരം, വടംവലി മത്സരം, ഘോഷയാത്ര മത്സരം, റോഷൻ, അരുൺ ഗോപൻ, കീർത്തിക ടീമിന്റെ മ്യൂസിക്കൽ നൈറ്റ് തുടങ്ങി നിരവധി പരമ്പരാഗത മത്സരങ്ങളും വൈവിധ്യമാർന്ന പരിപാടികളും ഉൾപ്പെടുന്ന ഒരു പരമ്പരയാണ് ഓണം ഫെസ്റ്റ്’23- ന്റെ ഭാഗമായി നടന്നത്.