ലഡാക്കില്‍ സൈനികന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ പരിശീലനങ്ങളും യോഗങ്ങളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റിവെച്ച് ഇന്ത്യന്‍ സൈന്യം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരിശീലന പരിപാടികളൊന്നും നടത്തരുതെന്നാണ് സൈന്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കമാന്‍ഡോകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുദ്ധസമാനമായ രീതിയിലാണ് സൈന്യം വിഷയത്തെ സമീപിച്ചിരിക്കുന്നതെന്നും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ലഡാക്കിലെ ലേയിലാണ് മുപ്പത്തിനാലുകാരനായ സൈനികനു കൊറോണ സ്ഥിരീകരിച്ചത്. തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നാണ് സൈനികന് വൈറസ് ബാധയുണ്ടായത്. സൈനികന്റെ പിതാവ് ഫെബ്രുവരി 27 ന് ആണ് ഇറാനില്‍ നിന്നും നാട്ടിലേക്ക് വന്നത്.
സൈനികന് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ അവധി എടുത്തിരുന്നുവെന്ന് കരസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ച്ച് 2 ന് ആണ് വീണ്ടും ജോലിക്കെത്തിയത്.മാര്‍ച്ച് ആറിന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൈനികനെ പിറ്റേദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ സഹോദരി, ഭാര്യ, രണ്ട് കുട്ടികള്‍ എന്നിവരും സോനം നൂര്‍ബൂ മെമ്മോറിയല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.