ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ കടന്നു. കരുത്തരായ ഓസ്ട്രേലിയയെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 290 ലക്ഷ്യത്തിന് മുന്നിൽ ഓസ്ട്രേലിയ കാലിടറി വീണു. 41.5 ഓവറിൽ 194 റൺസിൽ ഓസ്ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. അർദ്ധസെഞ്ചുറി നേടിയ ലാച്ച്ലാൻ ഷ്വോയ്ക്ക് മാത്രമേ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായുള്ളു. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറുമാണ് കംഗാരുക്കൂട്ടത്തെ കൂട്ടിലടച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. 37 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്ന ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ഒരുമിച്ച നായകൻ യാഷ് ധുള്ളിന്റെയും (78) ഷെയ്ഖ് റഷീദിന്റെയും (67) മികച്ച ബാറ്റിംഗാണ് വലിയൊരു തകർച്ചയിൽ നിന്ന് രക്ഷപെടുത്തിയത്. ഇൻഫോം ബാറ്റ്സ്മാൻ അംഗ്രിഷ് രഘുവംശിയെ (6) എട്ടാം ഓവറിൽ നഷ്ടമാകുമ്പോൾ സ്കോർ ബോർഡിൽ 16 റൺസേ ഉണ്ടായിരുന്നുള്ളൂ.സാൽസ്മാൻ അംഗ്രിഷിനെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു.ടീം സ്കോർ 37ലെത്തിച്ചയപ്പോൾ ഹർനൂർ സിംഗും (16) കൂടാരം കയറി. തുടർന്നാണ് സെഞ്ച്വറി കൂട്ടുകെട്ടുമായി യാഷും ഷെയ്ഖും കളം നിറഞ്ഞത്.
