തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധന അമിതമാകാതെ നിയന്ത്രിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം പന്തലക്കോട് 110 കെ വി സബ്സ്റ്റേഷന് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെലവേറിയ വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദു ചെയ്തും കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടും ജലവൈദ്യുത ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചും ജനങ്ങള്‍ക്ക് പരമാവധി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനാണ് ശ്രമിക്കുന്നത്. ജലവൈദ്യുതോല്പ്പാദന രംഗത്ത് കേരളം നല്ല പുരോഗതിയിലേക്കാണ് നീങ്ങുന്നത്. 148 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്മീഷന് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനച്ചടങ്ങില്‍ അദ്ധ്യക്ഷനായി. മഹാപ്രളയകാലത്ത് അതിവേഗം വൈദ്യുതി പുന:സ്ഥാപിച്ച കാര്യത്തിലും പാവപ്പെട്ട മനുഷ്യര്‍ക്ക് പലപ്പോഴും വയറിംഗ് ഉള്‍പ്പെടെ നടത്തി വൈദ്യുതി എത്തിച്ചു നല്കുന്ന കാര്യത്തിലും കെ എസ് ഇ ബി ജീവനക്കാര്‍ വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കെ എസ് ഇ ബി ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി അശോക് ഐ എ എസ് സ്വാഗതം ആശംസിച്ചു. ട്രാന്സ്മിഷന് & സിസ്റ്റം ഓപ്പറേഷന് ഡയറക്ടര്‍ രാജന് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
