തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും നിയമസഭയിലെ ആര് ശങ്കരനാരായണന് തമ്പി ഹാളിൽ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചം ചൊല്ലിക്കൊടുത്തു.
ആദ്യം പ്രദീപും പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും സത്യവാചകംചൊല്ലി. യുആര്‍ പ്രദീപ് സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ് പ്രദീപ് എംഎല്‍എയാകുന്നത്. കന്നി വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷനേതാവ് വിഡി സതീശന്, ചീഫ് വിപ്പ് എന്‍. ജയരാജ്, മന്ത്രിമാരായ കെബി ഗണേഷ്കുമാര്, കെ കൃഷ്ണന്‍കുട്ടി, പി പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രന്, കെ രാജന്, സജി ചെറിയാന്, എകെ ശശീന്ദ്രന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച്, കെപിസിസി ഓഫിസിലുമെത്തിയ ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി രാഹുല്‍ നിയമസഭയിലെത്തിയത്. എകെജി സെന്ററിലെത്തിയ ശേഷമാണ് യുആര്‍ പ്രദീപ് സഭയിലെത്തിയത്.