തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) തിരുവനന്തപുരത്ത് തുടക്കം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ച ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. നാല് അതിഥികളായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം.
ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പം നടി ഭാവനയും അതിഥികളായി വേദിയിലെത്തി. ലിസ ചലാനാണ് ഇത്തവണ ഐഎഫ്എഫ്കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം.
പ്രതിലോമശക്തികളുടെ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ ചലാനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ച ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് ഏറ്റവും അര്‍ഹയാണ്. അവരെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ആദരിക്കപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.

നേരത്തെ വേദിയിലേക്കെത്തിയ ഭാവനയ്ക്കാണ് ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്ന് ഏറ്റവുമധികം കൈയടികള്‍ ലഭിച്ചത്. മറ്റ് അതിഥികള്‍ക്കൊപ്പം ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ആണ് ആമുഖ പ്രഭാഷണത്തിനിടെ ഭാവനയെയും വേദിയിലേക്ക് സ്വീകരിച്ചത്. ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ് പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.

മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര് ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എൻ കരുണ്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേം കുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

അതേസമയം 15 സ്ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.