തിരുവനന്തപുരം: കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ അതിന്റെ ഭവിഷത്ത് വലുതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഉമ തോമസിനോടൊപ്പം പേട്ടയിലെ വസതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
അക്രമത്തിലൂന്നിയ രാഷ്ട്രീയ-ഭരണ ശൈലിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ ഈ സര്‍ക്കാരിന്റെ പതനം ആസന്നമാകും. അക്രമങ്ങള്‍ക്ക് ഒടുവില്‍ സിപിഎം തലകുനിക്കേണ്ടിവരും. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കഴിയും.അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോണ്‍ഗ്രസിന്റെത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പുതിയ സമരരീതി അവര്‍ പരീക്ഷിച്ചതാകാമത്. അത്തരം ഒരു പ്രതിഷേധത്തെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നില്ല. എന്നാല്‍ അവരുടെ ഉദ്ദേശശുദ്ധിയെ തള്ളിപ്പറയില്ല. വിമാനപ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ പ്രായംപോലും അറിയാതെയാണ് പോലീസ് എഫ്.ഐ.ആര് തയ്യാറാക്കിയത്. വിമാനപ്രതിഷേധത്തില്‍ സിപിഎം നുണപ്രചരിപ്പിക്കുകയാണ്.യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ഇപി ജയരാജനാണ്.അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഇപി ജയരാജനെതിരെ കേസെടുക്കണം.യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ആരേയും കയ്യേറ്റം ചെയ്തിട്ടില്ല.അവര്‍ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയെന്നാണ് ആദ്യം പറഞ്ഞത്. വൈദ്യപരിശോധനയില്‍ ആ ആരോപണം കള്ളമാണെന്ന് തെളിഞ്ഞു.വായ് തുറന്നാല്‍ വിടുവായത്തരം പറയുന്ന വ്യക്തിയാണ് ഇപി ജയരാജനെന്നും സുധാകരന് പരിഹസിച്ചു.
കറന്‍സി കടത്തലില് ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് സമരം കൂടുതല്‍ ശക്തിപ്പെടുത്തും. ഈ ആരോപണത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. അത് വിലപ്പോകില്ല.സിപിഎമ്മിന്റെ വളര്‍ത്ത് ഗുണ്ടകളെപ്പോലെയാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നത്. സിപിഎം ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടിച്ചുവെയ്ക്കുന്നു. പ്രതിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ണടിച്ച് പോലീസ് തകര്‍ക്കുന്നു. ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്ന പോലീസിനെ കോണ്‍ഗ്രസിന് തള്ളിപ്പറയേണ്ടിവരും.നീതിബോധമുള്ളതും നിയമം നടപ്പിലാക്കുന്നതുമായ പോലീസ് സംവിധാനത്തെ മാത്രം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും മറിച്ചാണെങ്കില്‍ അതിനെ അത്തരത്തില്‍ തന്നെ നേരിടുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.
വനിതകള്‍ക്ക് പ്രാതിനിധ്യം നല്കുന്ന കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്റെത്. അതിന്റെ ഭാഗമാണ് രാജ്യസഭയിലേക്ക് ജെബി മേത്തറിനെയും നിയമസഭയിലേക്ക് ഉമ തോമസിനെയും കോണ്‍ഗ്രസ് അയച്ചത്.വനിതകള്‍ക്കും യുവാക്കള്‍ക്കും ദളിത്,പിന്നാക്ക വിഭാഗങ്ങള്‍ക്കും പാര്ലമെന്റെറിയന് രംഗത്ത് കൂടുതല്‍ പ്രാധാന്യവും പരിഗണനയും നല്‍കുകയെന്നത് കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയ നയത്തിന്റെ ഭാഗമാണ്. കെ.റെയില്‍ പദ്ധതിയില്‍ നിന്നും മുഖ്യമന്ത്രിക്ക് സ്വയം പിന്മാറേണ്ടി വരും. അത് വാട്ടര്‍ ലൂ ആകുമെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഇപ്പോള്‍ കെ.റെയില്‍ പദ്ധതിയില്‍ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോകുന്നതെന്നും സുധാകരന് പറഞ്ഞു.