ഇടുക്കി: ചേറാടിയില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ മരിച്ചനിലയില്‍ കണ്ടെത്തി. ചേറാടി കീരിയാനിക്കല്‍ അജേഷി(36)നെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നച്ചാര്‍പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെയാണ് ചേറാടി കീരിയാനിക്കല്‍ കുമാരന് (70), ഭാര്യ തങ്കമണി (65) എന്നിവരെ വെട്ടേറ്റനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ദമ്പതിമാരുടെ മകന് അജേഷിനെ ഈസമയം വീട്ടില്‍നിന്ന് കാണാതായിരുന്നു. മാതാപിതാക്കളെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഇയാള്‍ കടന്നുകളഞ്ഞതാണെന്നായിരുന്നു പോലീസിന്റെ സംശയം. തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് വയോധികദമ്പതിമാര്ക്ക് നേരേ ആക്രമണമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മൂലമറ്റം-ചേറാടി-കോട്ടമല റോഡിന് താഴെ ഭാഗത്താണ് കുമാരനും തങ്കമണിയും മകനുമൊത്ത് താമസിച്ചിരുന്നത്. കുമളിയില്‍ ഭാര്യവീട്ടിലായിരുന്ന അജേഷ് ഞായറാഴ്ചയാണ് ഈ വീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രിയില്‍ അജേഷ് മദ്യലഹരിയില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ വീണ് തല പൊട്ടി. ബന്ധുക്കള്‍ അജേഷിനെ രാത്രിയില്‍ മൂലമറ്റത്തെ ആശുപത്രിയില്‍ എത്തിച്ചു. തിരിച്ച് രാത്രി 12-ഓടെ ഇയാളെ വീട്ടിലെത്തിച്ചാണ് ബന്ധുക്കള്‍ പോയത്. അതിനുശേഷമാണ് കൊലപാതകം നടന്നത്.
രാവിലെ വീട്ടില്‍നിന്ന് തങ്കമണിയുടെ ഞരക്കം കേട്ടാണ് ബന്ധുക്കള്‍ എത്തിയത്. തങ്കമണിയെ പരിക്കേറ്റ നിലയില്‍ വീട്ടിനുള്ളിലെ തറയിലും കുമാരനെ കൊല്ലപ്പെട്ട നിലയില്‍ കട്ടിലിലും കണ്ടെത്തി. തങ്കമണിയെ ആംബുലന്‍സില്‍ തൊടുപുഴ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അജേഷ് വീട്ടില്‍ ഇല്ലായിരുന്നു. വീട്ടിനടുത്തുള്ള റോഡില്‍ ഇയാളുടെ ഇരുചക്രവാഹനം കണ്ടെത്തി.
മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നുവെങ്കിലും അജേഷ് ഇതുവരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. തങ്കമണി മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു.അറക്കുളം അശോകക്കവലയിലെ സ്ഥാപനത്തില്‍ പന്തല്‍ പണിക്കാരാനാണ് അജേഷ്. ഇയാള്‍ 2010-ല്‍ ഒരു പോക്സോ കേസില്‍ പ്രതിയായിരുന്നു. അജേഷിന്റെ ഭാര്യയും നാലുവയസ്സുള്ള മകളും രണ്ടുമാസമായി കുമളിയിലെ സ്വന്തംവീട്ടിലാണ്. പുളിയന്മലയിലാണ് ഏതാനും ദിവസമായി അജേഷിന് ജോലി. അതിനാല്‍ ഭാര്യയുടെ വീട്ടില്‍നിന്ന് പോയിവരുകയായിരുന്നു. ശനിയാഴ്ച ജോലികഴിഞ്ഞ് മടങ്ങിയതാണ്. ചൊവ്വാഴ്ച ജോലിക്കെത്തേണ്ടതായിരുന്നു. എന്നാല്‍ എത്തിയിരുന്നില്ല. കുമാരന്റേയും തങ്കമണിയുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. മകള്‍: ലിറ്റിമോള്‍.