മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), ദാർ അൽ ഖലീജ് കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുസാനിലെ അവരുടെ ലേബർ അക്കമഡേഷനിലാണ് ക്യാമ്പ് നടന്നത്. ഏകദേശം 175 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി. അൽ ഹിലാൽ ഹോസ്പിറ്റൽ, അൽ റബീഹ് മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, കിംസ് ഹെൽത് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും കൂടാതെ ഡോക്ടർ സന്ധുവും ക്യാമ്പിൽ പങ്കെടുത്തു.
മുഖ്യാതിഥിയായ ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ദാർ അൽ ഖലീജ് അഡ്മിനിസ്ട്രേഷൻ & ഫിനാൻസ് മാനേജർ അലക്സാണ്ടർ, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കും ഐസിആർഎഫ് -ന് നന്ദി പറഞ്ഞു. പർച്ചെയ്സ് മാനേജർ ശങ്കറും മെഡിക്കൽ ക്യാമ്പിൽ സന്നിഹിതരായിരുന്നു.
അവധിക്കാലത്ത് ബഹ്റൈൻ സന്ദർശിക്കുന്ന അഞ്ച് ബിരുദ വിദ്യാർത്ഥികളും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പ്രായോഗിക പരിചയം നേടുന്നതിനായി ക്യാമ്പിൽ ചേർന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ തൊഴിലകൾക്കും ബിരിയാണിയും വിതരണം ചെയ്തു.