മനാമ: ഐസിഐസിഐ ബാങ്കിന്റെ ബഹ്റൈനിലെ മനാമ നഗരത്തിലെ ശാഖ ഗവണ്മെന്റ് അവന്യൂ റോഡില്‍ നിന്ന് സീഫ് ജില്ലയിലേക്ക് മാറ്റി. പ്രധാന ഇടം, പാര്‍ക്കിംഗ് സ്ഥലം, ഉപഭോക്താക്കള്‍ക്കുള്ള മീറ്റിംഗ് റൂമുകള്‍ എന്നിവയുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിനാണ് പുതിയ ശാഖ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ശാരീരികവൈകല്യമുള്ള ഉപഭോക്താക്കള്‍ക്കായി ഒരു പ്രത്യേക കൗണ്ടറുമുണ്ട്.
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനിലെ റീട്ടെയില്‍ ബാങ്കിംഗ് സൂപ്പര്വിഷന് ഡയറക്ടറേറ്റ് ഡയറക്ടര്‍ മുഹമ്മദ് എ റഹ്മാന് ഫഖ്റോയും ചേര്‍ന്ന് ശാഖ ഉദ്ഘാടനം ചെയ്തു. ഐസിഐസിഐ ബാങ്ക് പശ്ചിമേഷ്യ, ആഫ്രിക്ക റീജിയണല്‍ ഹെഡ് അനില്‍ ദാബ്കെ, ഐസിഐസിഐ ബാങ്ക് ബഹ്റൈന്‍ കണ്ട്രി ഹെഡ് രാഘവേന്ദ്ര ഷേണായി എന്നിവര്‍ സന്നിഹിതരായിരുന്നു. സീഫ് ഡിസ്ട്രിക്റ്റിലെ ശാഖയുടെ പുതിയ സ്ഥലം, മെച്ചപ്പെട്ട പ്രവേശനക്ഷമതയും ആധുനിക സൗകര്യങ്ങളുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കും. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സമഗ്രമായ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുമായുള്ള എല്ലാ ഇടപെടലുകളും കാര്യക്ഷമവും മികച്ച പിന്തുണ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ശ്രദ്ധ തുടരുമെന്നും അനില്‍ ദാബ്കെ പറഞ്ഞു.
സീഫ് ബ്രാഞ്ച് ഞായര്‍ മുതല്‍ വ്യാഴം വരെയും മാസത്തിലെ ഒന്നും മൂന്നും അഞ്ചും ശനിയാഴ്ചകളിലും രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചകഴിഞ്ഞ് 2:30 മുതല്‍ 4:30 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ അവധിയായിരിക്കും. റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി സേവിങ്സ്, കറന്റ് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റുകള്‍, എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ ലോണ്‍, ക്യാഷ് ഡെപ്പോസിറ്റ്, ചെക്ക് ശേഖരണവും ക്ലിയറിങും, ആഭ്യന്തരവും ആഗോളവുമായ പണ കൈമാറ്റം തുടങ്ങിയ പദ്ധതികളുടെയും സേവനങ്ങളുടെയും ഒരു ശ്രേണി ലഭ്യമാക്കുന്നു. ഈ ശാഖ ഇന്ത്യയിലെ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഭവനവായ്പയ്ക്കും ഇന്ത്യയില്‍ 3-ഇന്‍-1 ട്രേഡിംഗ് അക്കൗണ്ട് തുറക്കുന്നതിനും സഹായിക്കുന്നു. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് കറന്റ്, കോള്‍ അക്കൗണ്ട്, ശമ്പള കൈമാറ്റ സൗകര്യവും ലഭ്യമാക്കുന്നു.