മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്റൈനിൽ ആദ്യമായി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിൽ രാജ്യം ട്രോഫിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇത് രാജ്യത്തെ ക്രിക്കറ്റ് ആരാധകരിൽ വളരെയധികം ആവേശം സൃഷ്ടിക്കുന്നതാണ്. കെഎച്ച്കെ സ്പോർട്ടും ബിസിഎഫും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്.
ആഗസ്റ്റ് 12 ന് ജുഫൈറിൽ അൽ നജ്മ ക്ലബ്ബിൽ നിന്ന് കൂറ്റൻ റോഡ്ഷോ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് ജുഫൈറിൽ നിന്ന് ആരംഭിച്ച്, ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബേ എന്നിവിടങ്ങളിലൂടെ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് വരെ ബൈക്ക് യാത്രക്കാർ, ക്രിക്കറ്റ് കളിക്കാർ, ആരാധകർ എന്നിവരുടെ വാഹനവ്യൂഹം കടന്നുപോകും. രാത്രി 7 മണിക്ക് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ എത്തിച്ചേരുന്ന റാലി എഫ്1 സർക്യൂട്ടിന് ചുറ്റും വലം വയ്ക്കും. അവിടെ ക്രിക്കറ്റ് പ്രേമികൾക്ക് ട്രോഫിക്കൊപ്പം ചിത്രമെടുക്കാനുള്ള അവസരവുമുണ്ട്.
ആഗസ്റ്റ് 13 ന് ട്രീ ഓഫ് ലൈഫ്, പുരാതന ബഹ്റൈൻ കോട്ട, ഗംഭീരമായ വേൾഡ് ട്രേഡ് സെന്റർ – ബഹ്റൈൻ ബേ എന്നിവയുൾപ്പെടെ ബഹ്റൈനിലെ ചരിത്ര സ്മാരകങ്ങളിലും ലാൻഡ്മാർക്കുകളിലും ട്രോഫി എത്തിക്കുകയും അതിശയിപ്പിക്കുന്ന ചിത്രങ്ങളിൽ പകർത്തുകയും ചെയ്യും.
വൈകിട്ട് 5 മണി മുതൽ 7 മണി വരെ ദന മാളിൽ ട്രോഫി പ്രദർശിപ്പിക്കും. റാലിയിൽ പങ്കെടുക്കാനും ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കാനും https://cricketbh.com/iccworldcup/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ് എന്നും സംഘാടകർ അറിയിച്ചു.
കെ.എച്ച്. കെ. സ്പോർട്സ് സി.ഇ.ഒ . മുഹമ്മദ് ഷാഹിദ്, ക്യാപിറ്റൽ ഗവേർണ്ണറേറ്റ് ഇൻഫർമേഷൻ & ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ, എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.