കഴിവുള്ളതിനാലാണ് എച്ച്ആർഡിഎസിൽ ജോലി കിട്ടിയതെന്നും നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ച് അറിയില്ലെന്നും സ്വപ്ന സുരേഷ്. സ്ഥാപനവുമായി നേരത്തെ ബന്ധമില്ലെന്നും എന്നാൽ വെള്ളിയാഴ്ച മുതൽ അവിടുത്തെ ജീവനക്കാരിയാണെന്നും സ്വപ്ന പറഞ്ഞു. ‘പലനിലക്കും ജോലിക്കായി ശ്രമിച്ചെങ്കിലും പലർക്കും പേടിയായിരുന്നു. യോഗ്യതയുള്ളതിനൊപ്പം പ്രതിസന്ധികൾ തരണം ചെയ്യാൻ ലഭിച്ച സഹായം കൂടിയാണ് ജോലി.
സുഹൃത്തായ അനിൽ മുഖേനയാണ് ജോലി ലഭിച്ചത്. ഫോൺ വഴി രണ്ടുവട്ടം അഭിമുഖം നടത്തിയാണ് ജോലി കിട്ടിയത്. സ്ഥാപനത്തിന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ല. എന്റെ നിയമനത്തെ എന്തിനാണ് രാഷ്ട്രീയമായി കാണുന്നത്. വരുമാനം ഉണ്ടെങ്കിലേ മക്കളുടെ കാര്യങ്ങൾ നോക്കാനാകൂ. നിങ്ങൾക്ക് എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ. അല്ലാതെ ദ്രോഹിക്കരുത്. ജീവിക്കാൻ അനുവദിക്കണം’ സ്വപ്ന സുരേഷ് പറഞ്ഞു.
താനൊരു സ്ത്രീയും ദുഃഖിക്കുന്ന അമ്മയും താലി പൊട്ടിയ ഭാര്യയുമാണെന്നും അതിനാൽ സ്ഥാപനത്തിലെ സ്ത്രീ ശാക്തീകരണ വിഭാഗം ഡയക്ടറായി പ്രവർത്തിക്കാനാകുമെന്നും സ്വപ്ന പറഞ്ഞു. താൻ ജോലി സ്ഥലത്ത് ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ അത്തരം പ്രശ്നമുള്ളവരെ സഹായിക്കാനാകുമെന്നും സ്വപ്ന പറഞ്ഞു. തനിക്കെതിരെയുള്ള കേസിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കേസിലുൾപ്പെട്ടവർ പലയിടത്തും ജോലി ചെയ്യുന്നുണ്ടെന്നും എന്ത് കൊണ്ട് എനിക്ക് മാത്രം അതുപറ്റില്ലെന്നും സ്വപ്ന ചോദിച്ചു.
സ്വപ്ന സുരേഷിന് ജോലി നല്കിയ എച്ച്.ആര്.ഡി.എസ് എന്ന എന്‍.ജി.ഒ ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടനയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്പ്പ്മെന്റ് സൊസൈറ്റി. ഗുരു ആത്മനമ്പി(ആത്മജി)യാണ് എച്ച്.ആര്.ഡി.എസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രധാന നേതാക്കളാണ് ഇതിന്റെ പ്രധാന പദവികള്‍ അലങ്കരിക്കുന്നത്.