ശാന്തൻപാറ: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഹൈക്കോടതി ഇടപെട്ട് നടപടികൾ നിർത്തിവെച്ചതിൽ ജനരോഷം. ദൗർഭാഗ്യകരമായ നടപടിയാണെന്നും ദീർഘകാലമായുള്ള ആവശ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതികരിച്ചു. കാട്ടാനയുടെ ആക്രമണത്തിന് ഇരയായ പ്രദേശവാസികളും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. അതേസമയം മൃഗക്ഷേമ സംഘടനയാണെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ഒരാൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വെള്ളിയാഴ്ച കോട്ടയത്ത് ചേരും. നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള മറ്റ് രണ്ട് കുങ്കിയാനകളെ കൊണ്ടുവരുന്നതും മാറ്റിവച്ചിട്ടുണ്ട്. ആനകളെ കൊണ്ടുവരുന്ന കാര്യത്തിൽ ഉന്നതതല യോഗത്തിന് ശേഷം തീരുമാനമെടുക്കും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ സർക്കാരിന് പ്രവർത്തിക്കാനാകൂവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റാൻ കൂടുതൽ വാർഡൻമാരെയും ഉദ്യോഗസ്ഥരെയും നിയമിച്ച് സമഗ്രമായ സംരക്ഷണ പരിപാടിയാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.