അട്ടപ്പാടി: മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്ത HRDS ന്റെ സെക്രട്ടറി അജി കൃഷ്ണനെ പകവീട്ടലിന്റെ ഭാഗമായി പൊലീസ് കള്ള കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിടച്ചു. സർക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികൾ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണൻ. ഇന്നലെ രാത്രി അട്ടപ്പാടിയിൽ വച്ച് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്.
കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ വന്ന ചർച്ചയിൽ അട്ടപ്പാടി സ്വദേശിയായ ഒരു സ്ത്രീ HRDS ൽ ജോലി ചെയ്യുന്ന വനിത ജീവനക്കാരെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ അഗളി ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ സെക്രട്ടറി പോയിരുന്നു. ഡിവൈ.എസ്.പി അപ്പോൾ ഓഫീസിൽ ഇല്ലായിരുന്നു. നാളെ വരാമെന്ന് പറഞ്ഞ് അവിടെ നിന്നും തിരിച്ച സെക്രട്ടറി അജി കൃഷ്ണനെ യാത്രാമധ്യേ ആനകട്ടിയിൽ വച്ച് ഷോളയൂർ സി.ഐ യും സംഘവും വാഹനം തടഞ്ഞു നിർത്തി ഡി.വൈ.എസ്.പി ഉടൻ വരുമെന്നും കാണാമെന്നും പറഞ്ഞ് തിരികെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോയി. അവിടെ എത്തി കുറേ സമയം കഴിഞ്ഞ് രാത്രി 8.30 ന് ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി അന്യായമായി അറസ്റ്റ് രേഖപെടുത്തുകയാണുണ്ടായത്. തുടർന്ന് മലമ്പുഴ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്നാണറിയാൻ കഴിഞ്ഞത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസികളുടെയും സ്ത്രീകളുടെയും കർഷകരുടെയും ക്ഷേമത്തിനായി ഇന്ത്യ ഒട്ടാകെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് HRDS. ആദിവാസി ഭൂമി കൈയ്യേറിയെന്ന ഷോളയൂർ സ്വദേശിയുടെ കള്ള പരാതിയിൽ കേസ്സെടുത്ത് വിവിധ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വർഷം മുമ്പ് നടന്ന അടിസ്ഥാനരഹിതമായ കേസ്സ് പൊടിതട്ടിയെടുത്ത് ഇന്നലെ രാത്രി തിടുക്കപെട്ട് FIR ഇടുകയായിരുന്നു.
അജി കൃഷ്ണനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ HRDS ശക്തമായി പ്രതിഷേധിയ്ക്കുന്നു. നിയമ വ്യവസ്ഥകളെയെല്ലാം പുല്ലുവില കൽപ്പിച്ച് ഫാസിസ്റ്റ് തേർവാഴ്ചയുടെ നേർചിത്രമാണ് ഈ അന്യായ അറസ്റ്റിലൂടെ കാണാൻ കഴിയുന്നത്. ഇത്തരം ഭീഷണി കൊണ്ട് ഒന്നും തകരുന്ന സംഘടനയല്ല HRDS. സമൂഹത്തിലെ ദരിദ്ര ജനതയുടെ മോചനത്തിനായുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടാൻ പോവുകയാണ്. അഴിമതി നടത്തി പടുത്തയർത്തിയ ഭരണാധികാരികളുടെ കൊട്ടാര കെട്ടുകളിലേയ്ക്ക് പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന സമയം ഒട്ടും വിദൂരമല്ലന്ന് HRDS പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ പറഞ്ഞു.