തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നതിന് അനുഗുണമായി ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പരിഷ്ക്കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്ത്രീസൗഹൃദപരവും ഭിന്നശേഷിസൗഹൃദപരവുമായി എല്ലാ കാമ്പസുകളെയും മാറ്റും.
ആറ്റിങ്ങൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നാല് ബ്ളോക്കുകളും സൗരോർജ്ജ പ്ലാന്റും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാകോളേജിലെ ഇൻഡോർസ്റ്റേഡിയം ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം ഓൺലൈനായി നിർവഹിച്ചു.
വിവരവിസ്ഫോടനത്തിന്റെ യുഗത്തെക്കുറിച്ച് സ്വപ്നംകാണാൻ പോലും കഴിയാതിരുന്ന കാലത്തേതാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും. പരീക്ഷാസമ്പ്രദായങ്ങളും ബോധനരീതികളും എല്ലാം അങ്ങനെയാണ്. ഇവയുടെ അലകും പിടിയും മാറും വിധത്തിലുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ മുഖച്ഛായ മാറ്റുന്നതിന്റെ തുടക്കമായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കാമ്പസുകളും തയാറെടുക്കണം.
ഡിജിറ്റലായും നേരിട്ടുമുള്ള പഠനരീതികൾ സമന്വയിക്കുന്ന ബ്ലെൻഡഡ് രീതിയിലേക്ക് കലാലയങ്ങൾ മാറാൻ പോവുകയാണ്. എല്ലാ കലാലയങ്ങളിലും ഓൺലൈൻ പഠനസമ്പ്രദായംകൂടി ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കലാലയങ്ങൾ അതിനു സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മികച്ച ഡിജിറ്റൽ സംവിധാനത്തോടെയുള്ള ലൈബ്രറി-കം-അക്കാദമിക് അക്കാദമിക് ബ്ലോക്ക്, കാന്റീൻ-കം-വെൽനെസ്സ് സെന്റർ, കോളേജിന്റെ തൊണ്ണൂറു ശതമാനം വൈദ്യുക്തി ആവശ്യങ്ങളും നിറവേറ്റാൻ പ്രാപ്തമായ സോളാർ പവർ പ്ലാന്റ്, ചരിത്ര മ്യൂസിയംകൂടി പ്രവർത്തിക്കാൻ പോകുന്ന ഹിസ്റ്ററി ബ്ലോക്ക് എന്നിവയാണ് ആറ്റിങ്ങൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മന്ത്രി ഉദ്ഘാടനം ചെയ്തത്.