കൊച്ചി: സില്‍വര്‍ ലൈന്‍ സര്‍വ്വെ തടയണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സില്‍വര്‍ ലൈന്‍ സർവേയുമായി ബന്ധപ്പെട്ട രണ്ട് റിട്ട് ഹർജികൾ കൂടി ആണ് ഹൈക്കോടതി തള്ളിയത്. സർവേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്നായിരുന്നു ആവശ്യം. സിൽവർ ലൈൻ സ്പെഷ്യൽ പദ്ധതി അല്ലെന്നും സർവേ തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ.നഗരേഷിന്റെതാണ് ഉത്തരവ്. കെ റെയില്‍ റെയിൽവെയുടെ പദ്ധതിയല്ലെന്നതിനാൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദവും ഹൈക്കോടതി അംഗീകരിച്ചു. അതേസമയം, കെ-റെയില്‍ സര്‍വേക്ക് സുപ്രീംകോടതി പച്ചക്കൊടി കാണിച്ചിരുന്നു. സര്‍വേ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ സിൽവർ ലൈൻ അടക്കം ഏത് പദ്ധതിയായാലും സർവേ നടത്തുന്നത് നിയമപരമായി തന്നെയാകണമെന്ന് ഹൈക്കോടതി പറഞ്ഞു. മുൻകൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്നും കോടതി പറഞ്ഞു. എന്നാൽ സർവേ തുടരുന്നതിന് തടസമില്ലെന്നും നിയമം നോക്കാന്‍ മാത്രമാണ് പറയുന്നതെന്നും കോടതി വ്യക്തമാക്കി. എങ്ങനെയാണ് സർവേയെന്ന് ക്യത്യമായി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം.ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണം. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാൻ കോടതിക്ക് സാധിക്കില്ല. രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ല. പക്ഷേ സർവേ കല്ലിടലടക്കമെല്ലാം നിയമപരമായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
