
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍, സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ മറുപടി നല്കി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്കി. സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ദേവസ്വം ബോർഡും സർക്കാരും മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.
