തിരുവനന്തപുരം: ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.പി.എം സുപ്രീംകോടതിയെ സമീപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നാളെ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവെത്തിയത്. ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് എം എൽ എ ആയി നിയമസഭയിലെത്തിയ എ രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെടുന്ന ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അസാധുവാക്കുന്നത്.
ക്രിസ്ത്യൻ മതാചാരങ്ങൾ പിന്തുടരുന്ന രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. മത പരിവർത്തനം നടത്തിയ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും, മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി.എസ്.ഐ. പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. രാജയുടെ നാമനിർദ്ദേശ പത്രിക വരണാധികാരി നേരത്തെ തള്ളേണ്ടതായിരുന്നുവെന്നും താൻ ഹിന്ദു പറയ വിഭാഗത്തിൽ പെട്ടയാളാണെന്ന രാജയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീക്കർക്കും സർക്കാരിനും കൈമാറാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കോടതി വിധി പൂർണ്ണമായും പഠിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് രാജ പ്രതികരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ മേൽക്കോടത്തിയെ സമീപിക്കാൻ രാജയ്ക്ക് അവസരമുണ്ട്.