ന്യൂഡല്‍ഹി: പ്രതിപക്ഷ എം.പി.മാരെ കൂട്ടത്തോടെ സസ്പെന്‍ഡുചെയ്ത നടപടിയെ ന്യായീകരിച്ച് ബി.ജെ.പി എം.പി ഹേമാമാലിനി. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുകയും വിചിത്രമായി പെരുമാറുകയും ചെയ്യുന്നുവെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നും 141 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പരാമര്‍ശം. പാര്‍ലമെന്റ് തടസ്സപ്പെടുത്തി മോദി സര്‍ക്കാരിനെ പിഴുതെറിയുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും എം.പിയുമായ ഹേമാമാലിനി ആരോപിച്ചു. ‘അവരെ സസ്പെന്‍ഡ് ചെയ്തുവെങ്കില്‍ അതിനര്‍ഥം അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തുവെന്നാണ്. പാര്‍ലമെന്റ് ചട്ടങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണം. അവര്‍ അത് ചെയ്യുന്നില്ല, അവരെ സസ്പെന്‍ഡ് ചെയ്തു. അതില്‍ തെറ്റൊന്നുമില്ല,’ – ഹേമാമാലിനി പറഞ്ഞു.
കൂട്ടസസ്പെന്‍ഷനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികരണം. ലോക്സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെയാണ് കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത്. 141 പ്രതിപക്ഷ എം.പിമാരാണ് പ്രതിഷേധത്തിന്റെ പേരില്‍ നടപടി നേരിട്ടത്.