സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു. മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച വരെ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമർദ്ദവും അറബിക്കടലിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതുമാണ് മഴ കനക്കാൻ കാരണം. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പാണ്. തിരുവനനന്തപുരം ഒഴികെയുള്ള മറ്റ് ഏഴു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ഉപ്പള, മഞ്ചേശ്വരം മേഖലകളിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
പാലാ പാറത്തോട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു് വീണ് നാശനഷ്ടമുണ്ടായി. തിരുവനന്തപുരം അന്തിയൂർകോണം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ കെട്ടിടം തകർന്നു വീണു. കനത്ത മഴയെ തുടർന്ന് തൃശൂർ പൂമല ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിന്റെ സ്ളൂയിസ് വാൽവ് തുറന്നതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച വരെ തുടരും