തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനം തുടരും. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ.പി സൗകര്യം നിലനിർത്തും. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്പെഷ്യാലിറ്റി സൗകര്യവും ഉണ്ടാവും. കൃത്യമായ ഇടവേളകളിൽ തീ അണച്ച അഗ്നിശമന സേനാംഗങ്ങൾക്ക് വൈദ്യപരിശോധന നടത്താനും തീരുമാനിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായും അണച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് തീരുമാനം. കൂടുതൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്ത് അഗ്നിശമന സേന തുടരുകയാണ്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായ സമയത്ത് പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്.