
തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായി നേരിട്ടു. കോൺഗ്രസ് ഭരണത്തിൽ നടന്നത് വേട്ടയാടലായിരുന്നു. കുറുവടി പടയെ പോലും ഇറക്കി. ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ. കമ്യൂണിസ്റ്റുകാർക്ക് പ്രകടനം പോലും നടത്താൻ പറ്റാത്ത കാലം ഉണ്ടായിരുന്നു. പ്രകടനം നടത്തിയാൽ മർദ്ദനം നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ പൊലീസിന കുറിച്ച് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം.
പൊലീസ് വലിയ സേനയാണ്. ഏതാനും ചിലർ തെറ്റ് ചെയ്താൽ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്ക് ഇല്ല. കോൺഗ്രസ് അങ്ങിനെ അല്ല. നിങ്ങൾ നിങ്ങളുടെ താല്പര്യത്തിന് പൊലീസിനെ ഉപയോഗിച്ചു. പൊലീസിൽ മാറ്റം കൊണ്ട് വരാനാണ് എൽഡിഎഫ് ശ്രമിച്ചത്. തെറ്റിനെതിരെ കർക്കശ നടപടി 2016 ന് ശേഷം ഉള്ള നയം അതാണ്. അത് യുഡിഎഫിന് ചിന്തിക്കാൻ പോലും കഴിയില്ല. പൊലീസിനെ ഗുണ്ടകൾക്ക് അകമ്പടി സേവിക്കുന്നവരാക്കിയത് ആരായിരുന്നുവെന്നും പിണറായി പറഞ്ഞു. പൊലിസ് തണലിൽ ബോംബ് സംസ്കാരം ആദ്യം കൊണ്ട് വന്നതും പ്രതിപക്ഷ കാലത്താണ്. യുഡിഎഫ് കാലത്ത് കുറ്റക്കാരായ പൊലീസുകാർക്ക് സംരക്ഷണം നൽകി. എൽഡിഎഫ് അങ്ങിനെ അല്ല. ജനമൈത്രി പൊലീസിലൂടെ ഇടതുമുന്നണി കൊണ്ട് വന്നത് നല്ല മാറ്റമാണ്. ജനമൈത്രി സംവിധാനം നല്ലപോലെ പ്രകടിപ്പിക്കാൻ കഴിയുന്നത് 2006 ന് ശേഷമാണ്. മഹാ ഭൂരിപക്ഷം പൊലീസും മാറി. ചെറിയ വിഭാഗത്തിന് പ്രശ്നം ഉണ്ട്. പുതിയ സമീപനം ഉൾക്കൊള്ളാത്തവർ ഉണ്ട്. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്യുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
