ചെന്നൈ: ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കാൻ പഠിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രി മൗനം പാലിച്ചതിനെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയുള്ള നിരവധിയായ ആരോപണങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ജനങ്ങളാണ് തന്റെ കവചമെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ ആളുകൾക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്ററി, അദാനി പ്രശ്നങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ ന്യായമാണ്. ചോദ്യങ്ങളോട് പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ നയം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഏത് രീതിയിലാണ് ഉപയോഗിക്കുന്നതെന്ന മോദിയുടെ കുറ്റസമ്മതമാണ് ഈ വാക്കുകളെന്നും സ്റ്റാലിൻ പറഞ്ഞു.