കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ഹർജിയിലെ ചില വാദങ്ങൾ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് പി ജി അജിത് കുമാർ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സ്വരാജിന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കെ ബാബുവിന് തിരിച്ചടിയാണ് ഈ ഉത്തരവ്.
2021ലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ചാണ് വോട്ട് പിടിച്ചതെന്നും സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടി. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹർജിയിൽ പറയുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമെന്നും പറഞ്ഞ് വോട്ടർമാരെ ഭീഷണിപ്പെടുത്തി. വോട്ടഭ്യർത്ഥിച്ചുളള സ്ലിപ്പിൽ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചതായി സ്വരാജ് ഹർജിയിൽ പറയുന്നു.