മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണ ഗുരുദേവന്റെ 96 മത് മഹാസമാധി ദിനം സൊസൈറ്റിയുടെ ഹാളിൽ”ഗുരു പൗർണമി” എന്ന പേരിൽ ആചരിച്ചു. പ്രമുഖ വാഗ്മിയും, അധ്യാപകനും, പ്രഭാഷകനുമായ ബിജു പുളിക്കലേടത്ത് വിശിഷ്ട അതിഥിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്നുദിവസം നീണ്ടു നിന്ന പ്രഭാഷണ പരമ്പര അരങ്ങേറി.
ഗുരുദേവന്റെ സന്ദേശങ്ങളും, വചനങ്ങളും, കൃതികളും അദ്ദേഹം ഗുരുദേവ വിശ്വാസികൾക്ക് വിവരിച്ച് നൽകി. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ വിശിഷ്ട അതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് ഉപഹാരം നൽകുകയും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിക്കുകയും ചെയ്തു. വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും പറഞ്ഞു.
വരും ദിവസങ്ങളിൽ കൂടുതൽ ജനോപകാരപ്രദമായ പരിപാടികളും, നവരാത്രി ആഘോഷവും, വിദ്യാരംഭവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.