കൊച്ചി: ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ കുമാർ മലയാളത്തിലെ ശ്രദ്ധേയനായ നടനാണ്. ഇപ്പോഴിതാ, ഗിന്നസ് പക്രു കുടുംബത്തിലെ ഒരു സന്തോഷം പങ്കിട്ടിരിക്കുകയാണ്. പെൺകുഞ്ഞ് പിറന്ന സന്തോഷം ഗിന്നസ് പക്രു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. കുടുംബത്തിലെ പുതിയ അംഗത്തെ കൈകളിലേന്തി മകൾ ദീപ്തയ്ക്കൊപ്പമുള്ള ചിത്രമാണ് ഗിന്നസ് പക്രു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി എറണാകുളം അമൃത ആശുപത്രിയിലാണ് പെൺകുഞ്ഞിന് ജൻമം നൽകിയത്. മകൾ ദീപ്ത ഉൾപ്പെടെയുള്ള ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ‘ചേച്ചിയമ്മ’ എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് പക്രു ഈ സന്തോഷം പങ്കുവച്ചത്. അമൃത ആശുപത്രിയിലെ ഡോക്ടർക്കും ജീവനക്കാർക്കും ഗിന്നസ് പക്രു നന്ദി പറഞ്ഞു.
ഗിന്നസ് പക്രു 2006 മാർച്ചിലാണ് ഗായത്രി മോഹനെ വിവാഹം കഴിച്ചത്. 1984ൽ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മിമിക്രി കലാകാരനായ ശേഷമാണ് അദ്ദേഹം ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.