തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയിൽ പോയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അണുനാശിനി കുടിച്ചതായി സംശയിക്കുന്നു. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തിയെന്നും പെൺകുട്ടി ഇന്നലെ പൊലീസിനോട് സമ്മതിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. കഴിഞ്ഞ മാസം 14 ന് റെക്കോർഡ് ബുക്ക് തിരികെ വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ദേഹാസ്വാസ്ഥ്യത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും, വൃക്കയും തകരാറിലായതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.