തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവും മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടറുമായ കിരൺകുമാറിനെ(30) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് വിവരം അറിയിച്ചത്.കിരണിന് പെൻഷൻ പോലും നൽകില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നടപടിയെന്നും മന്ത്രി പറഞ്ഞു. കേരള സിവിൽ സർവീസ് റൂൾസ് 1960 പ്രകാരമാണ് ഈ നടപടി.
ജൂൺ 21നാണ് കൊല്ലം ശൂരനാട്ടുളള ഭർത്തൃവീട്ടിൽ മരിച്ചനിലയിൽ വിസ്മയയെ(24) കണ്ടെത്തിയത്. കിരണിന്റെത് സ്ത്രീ വിരുദ്ധ പ്രവൃത്തിയും, സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ ഗുരുതരമായ നിയമലംഘനമാണെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. സംഭവം നടന്നയുടൻ രജിസ്റ്റർ ചെയ്ത കേസിൽ കിരണിനെ ജൂൺ 22ന് സസ്പെൻഡ് ചെയ്തിരുന്നു.
1960ലെ സിവിൽ സർവീസ്ചട്ടത്തിലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 93(ഇ) അനുസരിച്ച് സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം കിരൺ നടത്തിയതായി കണ്ടെത്തി. സർക്കാർ സർവീസിലെ ഒരു ഉദ്യോഗസ്ഥൻ സ്ത്രീധന പീഡനം നടത്തിയതിനെ തുടർന്ന് ഭാര്യ മരണപ്പെട്ട കാരണം കൊണ്ട് സർവീസിൽ നിന്നും പിരിച്ചുവിടപ്പെടുന്നത് ഇതാദ്യമാണ്.