തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നാളെ മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യും. അരിവിതരണം നാളെ വൈകിട്ട് 3.30ന് ബീമാപള്ളി യു.പി.സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 12,037 സ്കൂളുകളിലായി എട്ടാം ക്ലാസ് വരെയുള്ള 28 ലക്ഷം കുട്ടികൾക്ക് അരി വിതരണം ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വിതരണത്തിനാവശ്യമായ അരി നേരിട്ട് സ്കൂളുകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സപ്ലൈകോ.
സംസ്ഥാന വിഹിതത്തിൽ നിന്ന് 71,86,000 രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മധ്യവേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് അരി വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. കേരള സ്കൂള്‍ എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് ഏപ്രിൽ 1 മുതൽ 3 വരെ കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണപരമായ ഇടപെടലുകൾ എന്ന പ്രമേയത്തിലാണ് എസ്.സി.ഇ.ആർ.ടി പരിപാടി സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് വിദ്യാഭ്യാസ രംഗത്ത് ഒരു അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.
എല്ലാ നല്ല ആശയങ്ങളും വിദ്യാഭ്യാസത്തിനായി വളർത്തിയെടുക്കണം. വിദ്യാഭ്യാസ രംഗത്തെ നൂതനമായ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യാനും പങ്കുവയ്ക്കാനുമുള്ള വേദി കൂടിയാണിതെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള വിദ്യാഭ്യാസം – ചരിത്രം, വർത്തമാനം, പുതിയ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കാലടി സംസ്കൃത സര്‍വകലാശാല വിസി പ്രൊഫ. എം.വി. നാരായണന് മുഖ്യപ്രഭാഷണം നടത്തും. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലകി ഡാസ് കല്ല മുഖ്യാതിഥിയായിരിക്കും. കർണാടക, തമിഴ്നാട് സർക്കാരുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.