തിരുവനന്തപുരം: കോവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങൾ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. വനിതാ ശിശു വികസന സെക്രട്ടറി ചെയർപേഴ്സണായും ഡയറക്ടർ കൺവീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകൾ ജില്ലാ ശിശു സംരക്ഷണ സമിതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ അന്തിമതീരുമാനം സമിതിയുടേതാകും.
ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങളനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാം. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കുന്നതാണ്. ചില പരാതികൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് ഈ അറിയിപ്പെന്നും മന്ത്രി വ്യക്തമാക്കി.