കൊല്ലം: കോവിഡ് മഹാമാരിക്കാലത്ത് അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അവശ്യം വേണ്ട സഹായങ്ങള്‍ നല്‍കുന്നതിന് കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ മേഖലകളിലും സഹായം എത്തിക്കാന്‍ കഴിഞ്ഞുവെന്ന് സഹകരണ രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന്. ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കേരള ബാങ്ക് നല്കുന്ന പരസ്പര ജാമ്യ വായ്പയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള വായ്പാ സഹായം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കേരള ബാങ്കാണ് ആസൂത്രണം ചെയ്തത്. പദ്ധതി സംസ്ഥാന വ്യാപകമായാണ് നടപ്പിലാക്കുന്നത്. ക്ഷേമനിധി അംഗങ്ങളായ ചുമട്ടു തൊഴിലാളികള്‍ക്ക് കേരള ബാങ്കിന്റെ ശാഖകളില്‍ നിന്നും വായ്പ ലഭ്യമാക്കും. കേരള ബാങ്ക് കൊല്ലം മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങ് മന്ത്രി വി.എന്‍. വാസവന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ വായ്പാ പദ്ധതിയെ കുറിച്ച് ബാങ്ക് സിഇഒ പി.എസ്. രാജന് വിശദീകരിച്ചു. ഡയറക്ടര്‍ ഹരിശങ്കര്‍, ബാങ്ക് ചീഫ് ജനറല്‍ മാനെജര്‍ കെ.സി. സഹദേവന് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഡയറക്ടര്‍ ജി.ലാലു സ്വാഗതവും കേരള ബാങ്ക് കൊല്ലം സിപിസി ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ ആര്. രവി നന്ദിയും പറഞ്ഞു.