തിരുവനന്തപുരം:സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായ മനുഷ്യ -വന്യജീവി സംഘർഷങ്ങളുടെ ലഘുകരണത്തിന് സർക്കാർ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യനെയും വന്യമൃഗങ്ങളെയും അതിന്റെ ആവാസ വ്യവസ്ഥയുടെ ചട്ട കൂടുകളിൽ ഒന്നായി കണ്ടുകൊണ്ടുള്ള സമഗ്രമായ ഒരു സംഘർഷ ലഘുകരണ പദ്ധതിക്ക് സർക്കാർ നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ വന്യജീവി വാ രാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ആരണ്യഭവൻ കോംപ്ലക്സ്കിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കര്‍ഷക സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ , ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ രൂപീകരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.പദ്ധതി നടപ്പിലാകുന്നതോടെ വന്യജീവി – മനുഷ്യ സംഘര്‍ഷത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
വന്യമൃഗങ്ങൾ കഴിയുന്നത്ര നാട്ടിലിറങ്ങാതെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത് . വന്യജീവികൾ നാട്ടിലിറങ്ങുന്ന പ്രശ്നം പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് വനാതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇതിനോടകം തദ്ദേശിയരും ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 204 ജനകീയ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനം ശക്തമാക്കുന്നതിനൊപ്പം ജാഗ്രതാസമിതികൾ ഇല്ലാത്ത ജില്ലകളിൽ അത് രൂപീകരിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ സാധ്യതയുള്ള മേഖലകളിലെല്ലാം പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ സൗരോര്‍ജ്ജ കമ്പിവേലി, റയില്വേലി, ആനമതില്‍, കിടങ്ങുകള്‍, ക്രാഷ് ഗാര്‍ഡ്, റോപ്പ് ഫെന്‍സിംഗ് തുടങ്ങിയവയ്ക്ക് പുറമേ കരിമ്പന മതില് പോലുള്ള നവീന ജൈവ പ്രതിരോധ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും യൂണിഫോമിട്ട തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അനുമതി നല്കുന്ന ഉത്തരവ് സര്‍ക്കാർ നടപ്പിലാക്കി കഴിഞ്ഞു.പാമ്പുകളുടെ സംരക്ഷണത്തിനും, ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനംവകുപ്പ് തയാറാക്കിയ ‘സര്‍പ്പ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ രാജ്യത്തു ആദ്യത്തേതാണ്. വനംവകുപ്പ് സര്ട്ടിഫിക്കേഷന് നല്കിയ അംഗീകൃത റസ്ക്യൂവര്മാരെല്ലാവരും സര്‍പ്പയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വനഭൂമിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ള യൂക്കാലിപ്റ്റസ്, അക്കേഷ്യ പോലുള്ള വിവിധയിനം വൃക്ഷങ്ങളെ ഒഴിവാക്കി പകരം ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന സ്വാഭാവിക വനം സൃഷ്ടിക്കല്‍ പദ്ധതി ഊര്‍ജ്ജിതമായി നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു കാട്ടാന പ്രശ്നം രൂക്ഷമായ പാലക്കാട്, വയനാട് ജില്ലകളില്‍ നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേയ്ക്ക് മടക്കി അയയ്ക്കുന്നതിനായി കുങ്കിയാന സ്ക്വാഡുകളും പ്രവര്‍ത്തിച്ച് വരുന്നു. കാട്ടാനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് സഞ്ചാരപഥം നിരീക്ഷിച്ച് വനാതിര്‍ത്തിയിലെ താമസക്കാര്‍ക്ക് മുറിയിപ്പ് കൊടുക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഉള്‍വനങ്ങളില്‍ താമസിക്കുന്നവരില്‍ സ്വയംസന്നദ്ധരായവരെ വനത്തിന് പുറത്തേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. വയനാട് ജില്ലയില്‍ ഇതിനോടകം 382 കുടംബങ്ങളെ പുനരധിവസിപ്പിച്ചു കഴിഞ്ഞു.വന്യ ജീവികളുടെ നിലനിൽപ്പിനു ആവശ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കേണ്ടതും നമ്മുടെ ചുമതലയാണ്.ജീവന്റെ നിലനിൽപ്പിനും ഇതു ആവശ്യമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
വന്യ മൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള ഹ്രസ്വകാലപദ്ധതികൾക്കൊപ്പം വന്യജീവികളെ അതിന്റെ ആവാസ മേഖലകളിൽ സംരക്ഷിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും സർക്കാരിന്റെ പരിഗണനയിലാണെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.അഗളി വനമേഖലയിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മരു തിയുടെ ആശ്രിതർക്കു ആശ്വാസ ധനസഹായം ചടങ്ങിൽ മന്ത്രി നൽകി.
ചടങ്ങിൽ വി.കെ.ശ്രീകണ്ഠന് എംപി, എ പ്രഭാകരൻ എംഎൽഎ എന്നിവര്‍ വന്യജീവി സംരക്ഷണ സന്ദേശം നൽകി .വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്കുമാര്‍ സിന്‍ഹ മുഖ്യപ്രഭാഷണം നടത്തി . മുഖ്യ വനം മേധാവി പി കെ കേശവൻ, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ്, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.വി.ഉത്തമന് തുടങ്ങിയവർ സംബന്ധിച്ചു . ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടന്ന ടെക്നിക്കല്‍ സെഷനില്‍ വന്യജീവി ശാസ്ത്രജ്ഞന് ഡോ.എ.ജെ.ടി.ജോണ്‍സിംഗ് ഇന്ത്യയിലെ വന്യജീവി സംരക്ഷണം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി .ചടങ്ങില്‍ പീച്ചി വൈല്‍ഡ് ലൈഫ് വാര്ഡന് പി.എം.പ്രഭു സ്വാഗതവും സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ്ലൈഫ് വാര്ഡന് എസ്.വിനോദ് നന്ദിയും പറഞ്ഞു.വാരാഘോഷ പരിപാടികൾ എട്ടാം തീയതി സമാപിക്കും