തിരുവനന്തപുരം: കയ്യേറ്റക്കാരോടൊപ്പമല്ല കുടിയേറ്റക്കാരോടൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും നില്ക്കുക എന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രി ജി ആര് അനില്‍. സ്വന്തമായുളള ഭൂമിക്ക് പട്ടയം ലഭിച്ചവര്‍ സര്‍ക്കാരിന്റെ അധീനതയിലുളള കുറച്ച് ഭൂമി കൂടി കയ്യേറാം എന്നു കരുതിയാല്‍ അത് വക വച്ചു കൊടുക്കാനാകില്ലെന്നും മന്ത്രി. ജില്ലാതല പട്ടയ വിതരണ പരിപാടി നെടുമങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകള്‍ ജില്ലയിലെ താലൂക്ക് ഓഫിസുകളില്‍ ലഭിച്ചിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതിനായി നടപടിക്രമങ്ങള്‍ നിയമാനുസൃതമായി ലഘൂകരിക്കും. സംസ്ഥാനത്ത് ഇന്ന് 17,000 പേര്‍ക്കാണ് പട്ടയം ലഭിച്ചത്. സ്വന്തമായി ഒരു തുണ്ട് ഭൂമിയുടെ ഉടമയാകുന്നതോടൊപ്പം അതിലൂടെ സ്വന്തം വ്യക്തിത്വം കൂടിയാണ് ഉയരുന്നതെന്നും മന്ത്രി പറഞ്ഞു.
പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി നിര്‍വ്വഹിച്ചതിനു ശേഷമാണ് ജില്ലാതല ഉദ്ഘാടന പരിപാടി തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയോടനുബന്ധിച്ചാണ് പട്ടയവിതരണം നടന്നത്. ചടങ്ങില്‍ നെടുമങ്ങാട് താലൂക്കിലെ 20 പേര്‍ക്ക് മന്ത്രി പട്ടയം നല്കി.
ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായി. വിവിധ ജനപ്രതിനിധികളും പങ്കെടുത്തു. ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ സ്വാഗതം പറഞ്ഞു. എ ഡി എം മുഹമ്മദ് സഫീര്‍, നെടുമങ്ങാട് ആര് ഡി ഒ അഹമ്മദ് കബീര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
