തിരുവനന്തപുരം: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് നിയമമന്ത്രി പി രാജീവ്. അപ്പീൽ സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ രാജയ്ക്ക് അനുകൂലമായി മുൻ അനുഭവങ്ങൾ മറ്റും ഉണ്ട്. സർക്കാർ കക്ഷിയല്ലാത്തതിനാൽ ഹൈക്കോടതി വിധിയിൽ അഭിപ്രായം പറയുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം രാജീവ് പറഞ്ഞു.
ദേവികുളത്ത് എംഎൽഎയായിരുന്ന എസ്.രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞതവണ എ.രാജയ്ക്ക് അവസരം നൽകിയത്. ഇതോടെ സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ ഡി കുമാറിനെ 7,848 വോട്ടുകൾക്കാണ് എ രാജ പരാജയപ്പെടുത്തിയത്. 2016ൽ കോൺഗ്രസിലെ എ കെ മാണിയെ 5782 വോട്ടുകൾക്കാണ് എസ് രാജേന്ദ്രൻ പരാജയപ്പെടുത്തിയത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ രാജ തെറ്റായ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്ത്യാനികളാണെന്നും രാജയും അതേ വിശ്വാസമാണ് പിന്തുടരുന്നതെന്നും കുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേതുടർന്ന് രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ രാജ യോഗ്യനല്ലെന്ന് പറഞ്ഞ കോടതി, വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി. കുമാറിന്റെ ആവശ്യവും അംഗീകരിച്ചില്ല.