തിരുവനന്തപുരം: ഗുണ്ടാ, മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതാവായ നഗരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈ അപ്പു, ഡ്രൈവർ സതീഷ് എന്നിവരെയാണ് തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലേക്ക് മാറ്റിയത്.
ഇരുവർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇരുവരെയും സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ റൂറൽ എസ്.പി നഗരൂർ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകിയത്.
മംഗലപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. മംഗലപുരത്ത് നിന്ന് സമീപത്തെ സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടും മാഫിയയുമായി ബന്ധപ്പെടുകയും വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു.