മനാമ: ബഹ്റൈൻ എൻറർപ്രണർഷിപ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഗോൾഡൻ വിസ പദ്ധതി റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വിവിധ രംഗങ്ങളിൽ വൻ കുതിപ്പിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ബഹ്റൈൻ പ്രോപ്പർട്ടി ഡെവലപ്മെന്റ് അസോസിയേഷൻ ചെയർമാൻ അറഫ് ഹെജ്രസ്, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല, ബഹ്റൈൻ ബിസിനസ്മെൻസ് അസോസിയേഷൻ ബോർഡ് മെംബർ ദിയ അലി അൽ അസ്ഫൂർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
10 വർഷത്തെ ഗോൾഡൻ വിസ കൂടുതൽ ആത്മവിശ്വാസത്തോടെയും വേഗത്തിലും ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും പ്രവാസി നിക്ഷേപകരെ സഹായിക്കുമെന്നും ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലക്ക് പുറമേ, എൻജിനീയറിങ്, ഹെൽത്ത് , അധ്യാപനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ കൂടുതൽ വിദഗ്ധരെ ആകർഷിക്കാനും, ബഹ്റൈന് പുരോഗതി കൈവരിക്കാനും സാധിക്കും.
റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്ക് രാജ്യത്തെ ജനസംഖ്യ ഇനിയും വർധിക്കണമെന്ന് അറഫ് ഹെജ്രസ് അഭിപ്രായപ്പെട്ടു.
ദുബൈ പോലുള്ള സ്ഥലങ്ങളിൽ സ്വദേശികളേക്കാൾ കൂടുതൽ പ്രവാസികളാണ് ഉള്ളതെന്നും, റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്ക് രാജ്യത്തെ ജനസംഖ്യ ഇനിയും വർധിക്കണമെന്നും ബഹ്റൈൻ പ്രോപ്പർട്ടി ഡെവലപ്മെന്റ് അസോസിയേഷൻ ചെയർമാൻ അറഫ് ഹെജ്രസ് വ്യക്തമാക്കി. നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുകയും ലക്ഷ്യമിട്ടാണ് ബഹ്റൈൻ പുതിയ 10 വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്.