
മനാമ: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ വിവിധയിടങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. മനാമ, സിഞ്ച്, മനാമ സൂഖ്, ഗുദൈബിയ, മഖ്ശ എന്നീ പ്രദേശങ്ങളിൽ ” ബല്ലിഗ്നാ റമദാൻ” എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും വാഗ്മികളുമായ സഈദ് റമദാൻ നദ്വി, ജലീൽ കുറ്റിയാടി, പി.പി. ജാസിർ എന്നിവർ പ്രഭാഷണങ്ങൾ നിർവഹിച്ചു.
ജീവിത വിശുദ്ധിയിലേക്കാണ് ഓരോ മനുഷ്യനെയും റമദാൻ പരിശീലിപ്പിക്കുന്നതെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. സഹനവും കാരുണ്യവും ശീലിക്കുന്ന പുണ്യ മാസമായ റമദാൻ ഓരോ വ്യക്തിയെയും ആത്മീയമായി കരുത്തരാക്കുന്നു. സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കാനും സൃഷ്ടികളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും കഴിയണം. പ്രയാസവും ദുരിതവും അനുഭവിക്കുന്നവർക്ക് ആശ്വാസം പകരാനും നോമ്പ് പ്രചോദനമാവണമെന്നും പ്രഭാഷകർ പറഞ്ഞു.
എം.എം. മുനീർ, മുസ്തഫ, പി.പി. ജാസിർ, ഗഫൂർ മൂക്കുതല, ഫൈസൽ, ജലീൽ മുല്ലപ്പള്ളി, സിറാജ് , റാഷിദ് , ജാഫർ പൂളക്കൽ എന്നിവർ നേതൃത്വം നൽകി.
