മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുപി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തപ്പോൾ ഡൽഹി 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഡൽഹി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി. ഡൽഹിക്കും മുംബൈ ഇന്ത്യൻസിനും 12 പോയിന്റ് വീതമുണ്ടെങ്കിലും റൺറേറ്റ് മികവിൽ ഡൽഹിയാണ് ഒന്നാമത്. ഫൈനലിൽ മുംബൈയും മൂന്നാം സ്ഥാനത്തുള്ള യുപിയും തമ്മിലുള്ള ക്വാളിഫയർ മത്സരത്തിലെ വിജയിയെ ഡൽഹി നേരിടും. ഫൈനൽ 26ന് നടക്കും.
ബാറ്റിങിലും ബൗളിംഗിലും മികവ് പുലർത്തിയ ഡൽഹിയുടെ അലീസ് കാപ്സെയാണ് പ്ലേയർ ഓഫ് ദി മാച്ച്. നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അലീസ് 31 പന്തിൽ 34 റൺസെടുത്ത് പുറത്താകാതെ നിന്നു. മെഗ് ലാനിങ് (39), മാരിസേൻ കേപ്പ് (34) എന്നിവരും ഡൽഹിക്കായി തിളങ്ങി.