മനാമ: മത സമൂഹങ്ങൾക്കിടയിൽ സംഘർഷങ്ങൾക്ക് പകരം സഹവർത്തിത്വമാണ് വേണ്ടതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ അദ്ദേഹം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികളോട് സംസാരിക്കവെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
കേരളത്തിൽ അടുത്തിടെയുണ്ടായ ചില പരാമർശങ്ങൾ സമൂഹത്തിനിടയിൽ വലിയ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ ഒരിക്കലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലാത്തതാണ്. അത് നേത്യത്വത്തിലിരിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടാവുമ്പോൾ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ബഹ്റൈനിൽ ഫ്രന്റസ് അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തങ്ങളെ കുറിച്ച് അദ്ദേഹം ചോദിച്ചറിയുകയും അവ കൂടുതൽ വിപുലപ്പെടുത്താൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
മാനവികതയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുതകുന്ന വിവിധ പരിപാടികൾ അസോസിയേഷൻ സംഘടിപ്പിക്കാറുണ്ടെന്നും അതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ സമൂഹങ്ങളുമായി ആശയസംവാദങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും ഫ്രന്റ്സ് ഭാരവാഹികൾ പറഞ്ഞു. വിശ്വ മാനവികതയിലൂന്നിയുള്ള സാമൂഹിക പ്രവർത്തനങ്ങൾക്കായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന സന്ദേശമാണ് കൂടിക്കാഴ്ചയിലൂടെ സാധ്യമായത്. പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി, കേന്ദ്ര സമിതിയംഗം നൗമൽ, ഗഫൂർ മൂക്കുതല, ഫസലുറഹ്മാൻ പൊന്നാനി, ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാ. ബിജു ഫിലിപ്പോസ് എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
