മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം കോവിഡ്: വെർച്വലാക്കപ്പെട്ട കുടുംബങ്ങൾ എന്ന വിഷയത്തിൽ സ്ത്രീകൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ പ്രശസ്ത ഡോക്ടറും പബ്ലിക് ഹെൽത്ത് വർക്കറും എഴുത്തുകാരിയുമായ ഡോക്ടർ ഷിംന അസീസ് ക്ലാസ് നയിച്ചു.
കുടുംബങ്ങളുടെ നെടുംതൂണുകൾ എന്ന നിലക്ക് സ്ത്രീകൾ തങ്ങളുടെ ആരോഗ്യം ഈ കോവിഡ് കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതിനെകുറിച്ചും വീടുകൾക്കുള്ളിൽ അടച്ചിടപ്പെട്ട കുടുംബാംഗങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതിനെകുറിച്ചും ഡോക്ടർ സംസാരിച്ചു. എല്ലാം വെർച്വലായി മാറിയ ഇക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഏതൊക്കെ രീതിയിൽ അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താമെന്നും അവർ വിശദീകരിച്ചു. പ്രേക്ഷകരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
ഫ്രന്റസ് റിഫ ഏരിയ വനിതാവിഭാഗം സെക്രട്ടറി സൗദ അധ്യക്ഷത വഹിച്ച പരിപാടിയിൽ സഹ്റ അഷ്റഫ് പ്രാർഥനാഗീതം ആലപിച്ചു. ഈസ്റ്റ് റിഫ യൂണിറ്റ് സെക്രട്ടറി ഷിജിന ആഷിഖ് സ്വാഗതവും ഈസ ടൌൺ യൂണിറ്റ് വൈസ് പ്രസിഡന്റ് ശരീഫ സുബൈർ നന്ദിയും പറഞ്ഞു. ഷൈമില നൗഫൽ നിയന്ത്രിച്ച പരിപാടിക്ക് ബുഷ്റ റഹിം, നുസ്ഹ കമറുദ്ധീൻ, രേഷ്മ ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.