
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 15 ന് സൗഹൃദ ക്രിക്കറ്റ് മത്സരം നടക്കും. സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക. കേരളത്തിന്റെ പ്രിയ താരങ്ങളായ സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ് ഇലവനും തമ്മിലാണ് മത്സരം. സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ഷോൺ റോജർ, അജ്നാസ് എം, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, ബേസിൽ എൻപി, അഖിൽ സ്കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാൻ, ഷറഫുദീൻ എൻ.എം, അഖിൻ സത്താർ എന്നിവർ അണിനിരക്കും.
സച്ചിൻ ബേബി നയിക്കുന്ന ടീമിൽ രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, അഭിഷേക് ജെ നായർ, അബ്ദുൾ ബാസിത്, ബിജു നാരായണൻ, ഏഥൻ ആപ്പിൾ ടോം, നിധീഷ് എംഡി, അഭിജിത്ത് പ്രവീൺ, ആസിഫ് കെഎം, എസ് മിഥുൻ, വിനോദ് കുമാർ സി.വി,സച്ചിൻ സുരേഷ് എന്നിവരാണുള്ളത്.ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന മത്സരത്തിൽ സംസ്ഥാനത്തെ പ്രമുഖ കളിക്കാർ ഏറ്റുമുട്ടുന്നതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് ആവേശകരമായ തുടക്കമാകും.
കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണിന് മുന്നോടിയായാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുതിയ എല്ഇഡി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചത്. പഴയ മെറ്റൽ ഹലയ്ഡ് ഫ്ലഡ് ലൈറ്റുകൾ മാറ്റിയാണ് ആധുനിക സാങ്കേതിക വിദ്യയോടുകൂടിയുള്ള പുതിയ എൽഇഡി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചത്. ഡിഎംഎക്സ് കൺട്രോൾ സിസ്റ്റമാണ് പ്രധാന സവിശേഷത.
