കൊച്ചി: വ്യാജരേഖയുണ്ടാക്കി എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ അധ്യാപക ജോലി നേടിയെന്ന കേസില്‍ പോലീസ് എറണാകുളം മഹാരാജാസ് കോളേജിലെത്തി തെളിവ് ശേഖരിച്ചു. അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് മഹാരാജാസ് കോളേജിലെത്തി തെളിവുകള്‍ ശേഖരിച്ചത്.
കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മ്മിളയില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. കോളേജ് അധികൃതർ അന്വേഷണവുമായി സഹകരിച്ചുവെന്ന് ഡിവൈഎസ്പി പറഞ്ഞു. വിദ്യ എവിടെയാണെന്ന് അറിയില്ലെന്നും, കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി മുരളീധരൻ പറഞ്ഞു.
വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ സീൽ വ്യാജമാണെന്ന് വൈസ് പ്രിൻസിപ്പൽ വ്യക്തമാക്കി. രേഖയിലെ തീയതിയും പിറ്റേ ദിവസവും അവധി ദിവസമായിരുന്നു. ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും നൽകിയിട്ടില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശർമ്മിള വ്യക്തമാക്കി. വിദ്യ ഹാജരാക്കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിലെ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.